International
ഓസ്ലോ: സമാധാന നൊബേൽ പുരസ്കാരം വെനസ്വേലയിലെത്തിക്കുമെന്ന് വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ.
വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന്റെ ഭീഷണി അവഗണിച്ച് നൊബേൽ പുരസ്കാരം സ്വീകരിക്കാൻ രഹസ്യമായി നോർവേയിലെത്തിച്ചേർന്ന ശേഷം സംസാരിക്കുകയായിരുന്നു മരിയ. അതേസമയം, എപ്പോഴായിരിക്കും വെനസ്വേലയിലേക്കുള്ള മടക്കമെന്ന് അവർ വ്യക്തമാക്കിയില്ല.
നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ ബുധനാഴ്ച നടന്ന സമാധാന നൊബേൽ പുരസ്കാര വിതരണച്ചടങ്ങിൽ സമയത്ത് എത്തിച്ചേരാൻ മരിയയ്ക്കു കഴിഞ്ഞില്ല. മരിയയുടെ മകൾ അന കൊറിന സൂസയാണ് പുരസ്കാരം സ്വീകരിച്ചത്. മരിയ മണിക്കൂറുകൾ വൈകിയാണ് ഓസ്ലോയിൽ എത്തിച്ചേർന്നത്.
ഓസ്ലോയിലെ ഹോട്ടലിനു മുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ മരിയ അഭിവാദ്യം ചെയ്തു. വെനസ്വേലൻ ജനതയ്ക്കുവേണ്ടി പുരസ്കാരം സ്വീകരിക്കാനാണ് നോർവേയിലെത്തിയതെന്ന് അവർ പറഞ്ഞു. വെനസ്വേലയിൽ ഒളിവിൽ കഴിയുന്ന മരിയ ഈ വർഷം ജനുവരിക്കു ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്.
അറസ്റ്റ് വാറന്റ് നേരിടുന്ന മരിയ നോർവേയിൽ പോയാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ ഭരണകൂടം ഭീഷണി മുഴക്കിയിരുന്നു.
International
ഓസ്ലോ: ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം സ്വീകരിക്കാനായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ നോർവേയിലെത്തും.
ഒളിവിൽ കഴിയുന്ന മരിയയെ ബന്ധപ്പെട്ടുവെന്നും അവർ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും നൊബേൽ പുരസ്കാര സമിതി അറിയിച്ചു. ബുധനാഴ്ച നോർവേയിലെ ഓസ്ലോയിലാണ് പുരസ്കാരവിതരണം.
വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിന്റെ കണ്ണിലെ കരടായ മരിയയ്ക്കെതിരേ അറസ്റ്റ് വാറന്റ് നിലവിലുണ്ട്. മരിയ നോർവേയിൽ പോയാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്നാണു വെന്വസേല അറിയിച്ചിരിക്കുന്നത്.
International
കാരക്കാസ്: ഈ വർഷത്തെ സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പുരസ്കാരം വാങ്ങാൻ നോർവേയ്ക്കു പോകരുതെന്ന് മഡുറോ ഭരണകൂടം. പോയാൽ മരിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ അറ്റോർണി ജനറൽ താരിക് വില്യം സാബ് ഭീഷണി മുഴക്കി.
മഡുറോ ഭരണകൂടം തീവ്രവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന മരിയ അറസ്റ്റ് ഭയന്ന് ദീർഘകാലമായി ഒളിവിലാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയ്ക്കെതിരേ മത്സരിക്കുന്നതിനും മരിയയ്ക്കു വിലക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് എഡ്മുണ്ടോ ഗോൺസാലസ് എന്ന അനുയായിയെയാണ് മരിയ സ്ഥാനാർഥിയാക്കിയത്.
മഡുറോ ജയിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നതായി ആരോപിക്കപ്പെടുന്നു. മഡുറോയുടെ പീഡനം ഭയന്ന് ഗോൺസാലസ് നേരത്തേ സ്പെയിനിൽ അഭയം തേടിയിരുന്നു.